Leader Page
കേരളത്തിലെ തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് ജോലികൾ ലഭിക്കാൻ ആശ്വാസകരമായ സേവനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ലഭ്യമാക്കി വന്നിരുന്നു. എന്നാൽ പിന്നിട്ട ഒരു ദശാബ്ദ കാലഘട്ടത്തിൽ ഈ ഭരണ സംവിധാനം മുഖേന ലഭ്യമാക്കിവരുന്ന സേവനങ്ങൾ പൊതുവെ പരിമിതപ്പെടുകയാണ്. പേര് രജിസ്റ്റർ ചെയ്തു ജോലിക്കായി വിളിയും കാത്തു കഴിയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
നിലവിൽ ഈ സർക്കാർ സംവിധാനം യുവജനങ്ങൾക്ക് വേണ്ടത്ര പ്രതീക്ഷ നല്കുന്നില്ല. ഒരു ഇന്റർവ്യു കോൾപോലും ലഭിക്കാതെ പ്രായപരിധി കടന്നുപോകുന്നത് പരമ ദയനീയ കാഴ്ചയായി മാറിയിട്ടുണ്ട്. നിലവിലെ എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകൾ നിയമ-നയപരമായ പുനരവലോകനവും ശക്തീകരണവുമർഹിക്കുന്നുണ്ട്.
നിയമപരം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആക്ട് തൊഴിൽ അവസരങ്ങൾ നോട്ടിഫൈ ചെയ്യാൻ നിഷ്കർഷിക്കുന്നു, എന്നാൽ ജോലി നൽകൽ തെരഞ്ഞെടുപ്പുകൾ ഇവ മുഖേന വേണമെന്ന് നിഷ്കർഷിക്കുന്നില്ല.
താത്കാലിക-പ്രൊവിഷണൽ നിയമനങ്ങൾ നടത്തുന്നതിൽ ഈ ഭരണ സംവിധാനത്തിന് പരിമിതമായ പങ്കാളിത്തമേ നിലവിൽ സ്വകാര്യ മേഖല നൽകിവരുന്നുള്ളൂ. കേരളത്തിൽ 85-90 എംപ്ലോയ്മെന്റ് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് ശരാശരി പ്രതിവർഷം 35-40 കോടി രൂപ ഗവ. ബജറ്റ് വിഹിതം ലഭ്യമാക്കിയിരിക്കുന്നു. ഇതിൽ 85 ശതമാനവും ശന്പളത്തിനും മറ്റ് ദൈനംദിന നടത്തിപ്പിനുമായി ചെലവിടുന്നു. ഫലത്തിൽ ഇതുമൊരു ഇതര വെള്ളാനയായി തുടരുന്നു. ഈ സംവിധാനത്തിന്റെ ഭാഗമായി ഏകദേശം രണ്ടായിരത്തോളം ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്.
പ്രവർത്തനചിത്രം
2014-2015ൽ ‘പുതുതായി’ ഏകദേശം 30-60 ലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നു, ഇത് 2019ൽ 2.65 ലക്ഷമായി, 2024ൽ 2.85 ലക്ഷമായി. അതായത് പ്രതിവർഷം നിലവിൽ ശരാശരി 2.8-3 ലക്ഷം പുതിയ തൊഴിലന്വേഷകരേ ഇവിടെ രജിസ്റ്റർ ചെയ്യുന്നുള്ളൂ. ഇവർക്കായി വകയിരുത്തിയിട്ടുള്ള 40 കോടിയുടെ വാർഷിക ബജറ്റിന്റെ 15 ശതമാനമെ ചെലവിടുന്നുള്ളൂ.
ആകെ ‘മൊത്ത’ രജിസ്ട്രേഷൻ 2014-15ൽ 40.2 ലക്ഷമായിരുന്നത് 2024-25 ൽ 33.8 ലക്ഷമായി കുറഞ്ഞിരിക്കുന്നു. ഏതാണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കാരണം പ്രായപരിധി ലംഘനം, തൊഴിൽ കുടിയേറ്റം, സംവിധാനം ഫലപ്രദമായ സേവനം നൽകുന്നില്ല എന്നിവ തന്നെ.
ശരാശരി പ്രതിവർഷം താത്കാലിക തൊഴിൽ ലഭ്യമാക്കൽ ഏതാണ്ട് 15,500 പേർക്കാണ്. പിന്നിട്ട ദശാബ്ദത്തിൽ ആകെ 1.71 ലക്ഷം താത്കാലിക ജോലികൾ നൽകി. ഇവർക്ക് ഭാവിയിൽ എന്തു സംഭവിച്ചു? വിശദാംശങ്ങൾ ലഭ്യമല്ല. ആകെ രജിസ്റ്റർ ചെയ്തവർക്ക് ശരാശരി പ്രതിവർഷം 0.3-0.5 ശതമാനം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയത്, വളരെ ചെറിയ നേട്ടമാണ്. നിലവിൽ പ്രതിവർഷം ശരാശരി 5-6 ശതമാനം പുതിയ അപേക്ഷകർക്കും ജോലി ലഭ്യമാക്കിവരുന്നു. ഇത് തികച്ചും നിരാശാജനകം തന്നെ.
പ്രതിവർഷം 35-40 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തുന്നു. എന്നാൽ പിന്നിട്ട ദശാബ്ദ കാലഘട്ടത്തിൽ ഒരു എംപ്ലോയ്മെന്റ് ലഭ്യമാക്കാൻ ശരാശരി പ്രതിവർഷം 23,000 രൂപയാണ് ചെലവിടുന്നത്. ഒരു പുതിയ രജിസ്ട്രേഷന് ഏകദേശം 1100-1600 രൂപ ചെലവ് വേണ്ടിവരുന്നു. രജിസ്റ്ററിൽ പേര് നിലനിർത്താൻ ശരാശരി 100 രൂപ ഒരു വ്യക്തിക്കായി ചെലവിടുന്നുണ്ട്. താത്കാലിക ജോലി ലഭിക്കുന്നവരുടെ പ്രതിമാസ-കോണ്ട്രാക്ട് കാലത്തെ വരുമാന/പ്രതിഫല കണക്കുകൾ ലഭ്യമല്ല. എത്ര ജോലി ലഭിച്ചവർക്ക് പ്രതിമാസം 23,000 രൂപയ്ക്കു മുകളിൽ ശന്പളം ലഭിക്കുന്നുണ്ട്? കണക്കുകൾ ലഭ്യമല്ല.
ഘടനാപരമായ നിരീക്ഷണങ്ങൾ
നിലവിൽ 33 ലക്ഷം ആക്റ്റീവ് രജിസ്റ്ററൻസ് ഉള്ളത് കേരളത്തിലെ അഭ്യസ്തവിദ്യരുടെ കടുത്ത തൊഴിലില്ലായ്മയും വെള്ളക്കോളർ ജോലികൾക്കായുള്ള യുവജനതയുടെ വലിയ പ്രതീക്ഷകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഏതാണ്ട് 30-40 ശതമാനം തൊഴിലന്വേഷകരും ടെക്നിക്കൽ ബിരുദതല തൊഴിലുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ്.
നിലവിൽ നോട്ടിഫൈ ചെയ്യപ്പെടുന്ന അവസരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നതിനേക്കാൾ വളരെ കുറവാണ്. സമാന്തരമായി പലതര-തലങ്ങളിൽ വിവിധ ജോലി നൽകൽ പ്രക്രിയകൾ തുടരുന്നത് എംപ്ലോയ്മെന്റ് ഏക്സ്ചേഞ്ചുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ കാര്യമായി ആശ്രയിക്കുന്നില്ല, ആയതിന് നിയമാനുസൃതമായ സാധുത ഉറപ്പാക്കിയിട്ടുമില്ല.
നടത്തിപ്പ് വീഴ്ചകൾ
കോണ്ട്രാക്റ്റ് നിയമന രീതികളെ അവലംബിക്കുന്നത് വലിയ തോതിൽ എക്സ്ചേഞ്ചുകളെ മറികടക്കാൻ ഇടയാക്കിയിരിക്കുന്നു. ഹ്രസ്വകാല നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതികൾ വ്യാപിക്കുന്നു. നേരിട്ട്-വാക്ക്-ഇൻ തെരഞ്ഞെടുപ്പ് രീതികളെ അവലംബിക്കുന്ന സമീപനം പല പൊതു മേഖലാ സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കുന്നു. എല്ലാറ്റിനുമുപരി സ്വകാര്യ മേഖലയിൽ പൊതു നോട്ടിഫിക്കേഷൻ നടത്തി ജോലി നിശ്ചയിക്കുന്ന സമീപനം നിർബന്ധമായും നടപ്പിലാക്കാൻ നിയമ വകുപ്പുകളില്ല.
നയപരമായ ആവശ്യകതകൾ
• 1959ലെ സേവന വേതന നിയമ കൂട്ടായ്മകളെ മറികടന്നു പുതുയുഗ ഡിജിറ്റൽ റിക്രൂട്ട്മെന്റ് രീതികൾ അവലംബിക്കേണ്ടതുണ്ട്.
• ഡിജിറ്റൽ സുതാര്യതയോടൊപ്പം റിയൽ ടൈം തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും വേക്കൻസി ഡാഷ് ബോർഡുകൾ ഓഫീസ് സ്ഥാപന തലങ്ങളിൽ ഏർപ്പാടാക്കുകയും വേണം.
• പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നൈപുണ്യ വികസന സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
• സ്വകാര്യ മേഖലകളുടെ സംഘടിത, പാർട്ടണർഷിപ്പ് രീതിയിലുള്ള തെരഞ്ഞെടുപ്പ് രീതികൾ പ്രോത്സാഹിപ്പിക്കാം.
•ജില്ലാ തലത്തിലുള്ള റിക്രൂട്ട്മെന്റ് സമീപനങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തി, വേണ്ടത്ര മാറ്റങ്ങൾ ഏർപ്പാടാക്കുക.
•എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആക്ട് പരിഷ്കരിക്കുക; ഡിജിറ്റൽ മികവ് ഏർപ്പാടാക്കുക.
• നടത്തിപ്പ് പുരോഗതി വിലയിരുത്തി പ്രതിമാസ റിപ്പോർട്ടുകൾ ലഭ്യമാക്കുക. ഡാറ്റകൾ മികവുറ്റ രീതിയിൽ ശേഖരിച്ച്, ലഭ്യമാക്കണം.
• മികച്ച നടപ്പിലാക്കലുകളെ പാരിതോഷികങ്ങൾ നല്കി പ്രോത്സാഹിപ്പിക്കാം, അതോടൊപ്പം മനഃപൂർവം വീഴ്ച വരുത്തുന്നത് ശിക്ഷാർഹമാക്കാം.
• സുതാര്യത എല്ലാ തലങ്ങളിലും ഉറപ്പാക്കുക.
Kerala
തിരുവനന്തപുരം: തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പിഎസ്സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് 10 വർഷമായി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ കാരണം അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് സംസ്ഥാനം വിട്ടുപോകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത മേഖലകളിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളം മാറ്റത്തിനാഗ്രഹിക്കുന്നുവെന്നും കെ.സി പറഞ്ഞു.
അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആര്യനാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
Kerala
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച കോടതി നിർദേശത്തിനു വിരുദ്ധമായി നിയമഭേദഗതി. നിലവിലെ നിയമങ്ങൾ ഏതെങ്കിലും തരത്തിൽ ഭേദഗതി ചെയ്യണമെങ്കിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റി മുഖേന പാസാക്കിയെടുക്കണമെന്ന കീഴ്വഴക്കവും പാലിച്ചിട്ടില്ല. ഇക്കഴിഞ്ഞ 21ന് എക്സിക്യുട്ടീവ് ഉത്തരവിലൂടെ അസാധാരണ ഗസറ്റ് വിജ്ഞാപനം നടത്തിയാണ് ഭേദഗതി നടപ്പിലാക്കിയത്.
മോട്ടോർ വാഹന വകുപ്പിൽ ജോയിന്റ് ആർടിഒ തസ്തികയിലേക്കുള്ള ഉദ്യോഗ കയറ്റത്തിൽ രണ്ടു മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെ പരിഗണിക്കുമ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നുള്ള ഒരു സീനിയർ സൂപ്രണ്ടിനെയോ ജൂണിയർ അക്കൗണ്ട്സ് ഓഫീസറെയോ ഉൾപ്പെടുത്തിയുള്ള 2:1 എന്ന അനുപാതമാണ് മാറ്റിമറിച്ചത്.
അനുപാതം 8:1 എന്ന രീതിയിലാണ് പരിഷ്കരിച്ചത്. ഇതോടുകൂടി എട്ട് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോയിന്റ് ആർടിഒ തസ്തികളിലേക്ക് ജോലിക്കയറ്റം നൽകുമ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രമെ പരിഗണിക്കുകയുള്ളൂ. 2:1 എന്ന അനുപാതത്തിൽത്തന്നെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗക്കയറ്റ സാധ്യത കുറവാണ്.
നേരത്തേ വാഹന രജിസ്ട്രേഷൻ, വാഹനങ്ങളുടെ പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങൾ പൊളിക്കൽ, അതിർത്തി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചിരുന്നത് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായിരുന്നു. പുതിയ വാഹനങ്ങൾ രജിസ്ട്രേഷനായി പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതോടെ രജിസ്ട്രേഷന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ആവശ്യമില്ലാതായിട്ടുണ്ട്.
കൂടാതെ വാഹനം പുതുക്കൽ ഓൺലൈനാക്കിയതും പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് കെഎസ്ആർടിസി, അർധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള എന്നിവയ്ക്കും നൽകിയതോടെ ഇവിടെയും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ടതില്ല. സമീപഭാവിയിൽത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായും അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്ററുകൾക്ക് (എപിടിസി) കൈമാറും. ഈ സെന്ററുകൾതന്നെ കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ ടെസ്റ്റ് നടത്തും.
വിജയിക്കുന്നവർക്ക് സെന്ററുകളുടെ സർട്ടിഫിക്കറ്റ് സഹിതം മോട്ടോർവാഹന വകുപ്പിൽ നൽകുന്ന അപേക്ഷയിൽ ലൈസൻസ് നൽകുന്ന ജോലി മാത്രമാണ് വകുപ്പിനുണ്ടാകുക. ഇതോടെ നിലവിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ജോലി വാഹന പരിശോധനയിലും പിഴയീടാക്കലിലും ഒതുങ്ങും. ഈ സാഹചര്യത്തിൽ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരെ മറ്റിടങ്ങളിലേക്ക് പുനർവിന്യസിക്കേണ്ടി വരുമെന്ന ചർച്ച നടക്കുന്നതിനിടെയാണ് നിയമഭേദഗതി വരുത്തിയത്.
District News
ചമ്പക്കുളം: ദേശീയതൊഴിലുറപ്പ് പദ്ധതി കുട്ടനാട്ടിലെ നെൽകൃഷി മേഖലയിൽ സ്ത്രീ തൊഴിലാളി ക്ഷാമം രൂക്ഷമാക്കുന്നു. നെൽകൃഷിയുടെ കളപറി, പറിച്ച്നടീൽ തുടങ്ങിയ ജോലികൾ ചെയ്യുന്നത് സ്ത്രീ തൊഴിലാളികളാണ്. അടുത്ത കാലത്തായി പാടശേഖരങ്ങളിൽ മേൽ പറഞ്ഞ ജോലികൾ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ കിട്ടാനില്ലാതെ കർഷകർ ബുദ്ധിമുട്ടുന്നു. സ്ത്രീതൊഴിലാളികൾ ജോലി ചെയ്യാൻ തയാറാണെങ്കിലും, കുറച്ച് ദിവസത്തേക്ക് പാടത്ത് ജോലിക്കിറങ്ങി തിരിച്ചു ചെല്ലുമ്പോൾ തൊഴിലുറപ്പ് ജോലി നഷ്ടപ്പെടുന്നതുകൊണ്ട് പലരും കൃഷിയിടത്തിൽ ജോലിക്കിറങ്ങാൻ മടിക്കുന്നു.
ഒരു തൊഴിലുറപ്പ് മേറ്റിന് കീഴിൽ 20 തൊഴിലാളികളെങ്കിലുംഒരു ദിവസം ജോലി ചെയ്താൽ മാത്രമേ മേറ്റിന് 700 രൂപ കൂലി ലഭിക്കു. ഒരു തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരുദിവസം 369രൂപയാണ് കൂലി ലഭിക്കുന്നത്. 20 പേരിൽ കുറവായാൽ മേറ്റിന് അനുവദനീയമായ കൂലി ലഭിക്കില്ല. എന്നത് കൊണ്ട്തന്നെ പല മേറ്റ്മാരും കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്ക് പോകുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ്.
തുടർച്ചയായി അഞ്ച് ദിവസം തൊഴിലുറപ്പ് ജോലിക്ക് എത്തിയില്ലെങ്കിൽ തുടർന്ന് വരുന്ന ജോലിക്കാരുടെ ലിസ്റ്റിൽനിന്ന് തൊഴിലാളികൾ ഒഴിവാക്കപ്പെടും. നെൽകൃഷിയിടത്തിലെ ജോലിക്ക് പോകുന്നതിന്റെപേരിൽ കൂടുതൽ തൊഴിൽ ദിനങ്ങൾനഷ്ടപ്പെടും എന്നതിനാലാണ് പലസ്ത്രീ തൊഴിലാളികളും കൃഷിയിടത്തിൽ ജോലിക്ക് പോകാതിരിക്കുന്നത്.
കുട്ടനാടൻ കാർഷികമേഖലയിൽ സ്ത്രീതൊഴിലാളിക്ക് 650 രൂപയാണ് ദിവസകൂലി. ഭൂരിപക്ഷം കർഷകരും ഇതോടൊപ്പം ഭക്ഷണവും നല്കാറുണ്ട്. കൂടുതൽ കൂലി ലഭിക്കുന്നതുകൊണ്ടും, കൃഷിയോടുള്ള താത്പര്യം കൊണ്ടും പലർക്കും ഈ ജോലി ചെയ്യണമെന്നുണ്ടെങ്കിലും ഇതിന് സാധിക്കാതെ വരുന്നു.
കുട്ടനാട്ടിലെ കാർഷികമേഖലയിലെ സ്ത്രീ തൊഴിലാളി ക്ഷാമം ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയിൽ കുട്ടനാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ വ്യവസ്ഥകളിൽ മാറ്റം അനിവാര്യമായിരിക്കുന്നു. തൊഴിലുറപ്പ് ജോലിയിൽ പങ്കെടുക്കുന്ന കുറച്ച് തൊഴിലാളികൾ മാത്രമാണ് കാർഷികമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതും അതിന് കായികശേഷിയുള്ളതും. അങ്ങനെയുള്ള തൊഴിലാളികളുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി കാർഷികമേഖലയിൽ പണി യെടുക്കാൻ അവർക്ക് അവസരം ഒരുക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം കാർഷിക മേഖലയിൽ ജോലിക്ക് പോയാൽ താരതമ്യേന ബുദ്ധിമുട്ട് കുറഞ്ഞ തൊഴിലുറപ്പ് ജോലി നഷടപ്പെടും എന്ന സാഹചര്യമാണ് ഇപ്പോൾ നിലനില്ക്കുന്നത്.
താത്പര്യമുള്ള തൊഴിലാളികളെ കൂടി കാർഷികമേഖലയിൽ നിന്ന് അകറ്റുന്ന ഈ രീതിക്ക് മാറ്റം വരണമെന്നതാണ് കർഷകരുടെ ആവശ്യം.
കാർഷിക മേഖലയിലെ തൊഴിലുകൾ ചെയ്യാൻ തയാറാകുന്ന അതിനായി പ്രത്യേകം രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളെ അവർ കാർഷികമേഖലയിൽ ജോലി ചെയ്യുന്ന ദിവസങ്ങൾകൂടി തൊഴിലുറപ്പ് ദിനങ്ങളായിതന്നെ പരിഗണിക്കുകയും തൊഴിലുറപ്പ് കൂലി കഴിച്ചുള്ള കൂലി മാത്രം കർഷകൻ നല്കുന്ന ഒരു വ്യവസ്ഥകൂടി കൊണ്ടുവന്നാൽ തൊഴിലുറപ്പ് കാർഷികമേഖലയുടെ പോഷണത്തിനും കർഷകർക്ക് ഒരു കൈത്താങ്ങായും മാറ്റാൻ കഴിയും. അതിനായുള്ള വ്യവസ്ഥ കൾകൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നതാണ് കർഷകരുടെ ആവശ്യം.